
ദോഹ:ലോക ചെസ് രംഗത്തെ ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായ ഫിഡെ വേൾഡ് റാപിഡ് & ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പ് 2025 ന് ദോഹയിൽ വെള്ളിയാഴ്ച തുടക്കം കുറിച്ചതായി സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചെസ് വേൾഡ് കപ്പ്, ഗ്ലോബൽ ചെസ് ലീഗ് എന്നിവ ഉൾപ്പെടുന്ന ശക്തമായ അന്താരാഷ്ട്ര മത്സരപരമ്പരയ്ക്ക് പിന്നാലെയാണ് ഈ ടൂർണമെന്റ് നടക്കുന്നത്.
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാർൽസൻ റാപിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളിലെ
മുൻനിര താരങ്ങളിൽ പലരും ദോഹയിൽ ലോകകിരീടങ്ങൾക്കായി ഏറ്റുമുട്ടും.2023-ൽ ക്ലാസിക്കൽ ലോകചാമ്പ്യൻ പദവി ഒഴിഞ്ഞ നോർവീജിയൻ താരം, വേഗതയേറിയ ഈ രണ്ടു ഫോർമാറ്റുകളിലും ഇപ്പോഴും നിലവിലെ ലോകചാമ്പ്യനാണ്. ഖത്തറിൽ മത്സരിക്കുന്നതിൽ വലിയ ആവേശമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക ഒരു മില്യൺ യൂറോയാണ്. ഇതിൽ 7 ലക്ഷം യൂറോ ഓപ്പൺ മത്സരങ്ങൾക്കായും 3 ലക്ഷം യൂറോ വനിതാ മത്സരങ്ങൾക്കായുമാണ് നീക്കിവെച്ചിരിക്കുന്നത്. റാപിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങൾക്കിടയിൽ ഈ തുക സമമായി വിഭജിക്കും.ദോഹ മുൻപും ലോക ചെസ് ചരിത്രത്തിലെ നിർണായക വേദിയായിരുന്നു. 2016-ൽ ഇവിടെ നടന്ന വേൾഡ് റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ, 150-ലധികം ലോകോത്തര താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ യുക്രെയിനിന്റെ വാസിൽ ഇവാൻചുക് കിരീടം സ്വന്തമാക്കിയിരുന്നു.
ഫിഡെ വേൾഡ് റാപിഡ് & ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ് 2025-ന്റെ ട്രോഫി ഖത്തറിന്റെ മരുഭൂമിയിൽ വിരിയുന്ന കാട്ടുപൂക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വെറും ഒരു പുരസ്കാരമല്ല, ഖത്തറിന്റെ പ്രകൃതി സ്മരണകളെ പ്രതിനിധീകരിക്കുന്ന ഒരു ശില്പകലാസൃഷ്ടിയാണ്.
ഡിസൈനർ അഹമ്മദ് അൽ ബഹ്റാനി രൂപകൽപ്പന ചെയ്ത ട്രോഫി, കടുത്ത സാഹചര്യങ്ങളിലും ശബ്ദമില്ലാതെ നിലനിൽക്കുന്ന മരുഭൂമിപ്പൂക്കളെപ്പോലെ, ചെസിലെ മനുഷ്യബുദ്ധിയുടെ ആത്മവിശ്വാസത്തെ പ്രതിനിധീകരിക്കുന്നു. ഭൂമിയിൽ നിന്ന് വെളിച്ചത്തിലേക്ക് ഉയരുന്ന ഒരു പൂവിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മേലോട്ടുള്ള ചക്രാകൃതിയിലുള്ള രൂപമാണ് ട്രോഫിക്കുള്ളത്. ഇത് ചെസിലെ നീക്കങ്ങളെപ്പോലെ — ക്രമാത്മകത, സന്തുലനം, കൃത്യത എന്നിവ പ്രതിഫലിപ്പിക്കുന്നു.










